ന്യൂഡൽഹി: അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണച്ചൂടിൽ രാജ്യം. ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശത്തെയും 49 മണ്ഡലങ്ങളാണ് മെയ് 20ന് വിധിയെഴുതുന്നത്. ആദ്യ മൂന്ന് ഘട്ടങ്ങൾക്ക് സമാനമായി നാലാം ഘട്ടത്തിലും പോളിങ് കുറവായിരുന്നു. 63.23 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
അഞ്ചാം ഘട്ടത്തിൽ ആകെ 695 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശ് – 14 മഹാരാഷ്ട്ര – 13, പശ്ചിമ ബംഗാൾ – ഏഴ്, ബിഹാർ, ഒഡീഷ – അഞ്ച്, ജാർഖണ്ഡ് – മൂന്ന്, ജമ്മു കാശ്മീർ, ലഡാക്ക് – 1 എന്നിങ്ങനെയാണ് വിധിയെഴുതുന്ന മണ്ഡലങ്ങളുടെ എണ്ണം.
നാലാം ഘട്ട വോട്ടെടുപ്പിൽ 63.23% പൊളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബംഗാളിലാണ്. 77.38 ശതമാനമാണ് ഇവിടെ പോളിങ്. ഏറ്റവും കുറവ് ജമ്മു കശ്മീരിലാണ് 38% ശതമാനമാണ് ആകെ പോളിങ്. 70 ശതമാനത്തിന് മുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് പോളിങ് രേഖപ്പെടുത്തിയത്. നാലു ഘട്ടങ്ങളിലായി 379 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. നാല് ഘട്ടങ്ങളിലെയും വോട്ടിങ് ശതമാനത്തിലെ കുറവ് രാഷ്ട്രീയപാർട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലും പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. ഗംഗാ സ്‌നാനത്തിന് ശേഷം രാവിലെ 11.40നാണ് മോദി പത്രിക നൽകുക.