മുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്നതിനാൽ 20 ലക്ഷം രൂപ അടയ്ക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. 2020ലാണ് പുനെ ജില്ലയിലെ ഭീമാ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് ഗൗതം നവ്‌ലാഖ അറസ്റ്റിലാകുന്നത്. പിന്നീട് ശാരീരിക അസ്വാസ്ഥ്യം പരിഗണിച്ച് 2022ൽ സുപ്രീം കോടതി ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു. 2023 ഡിസംബറിൽ ഹൈക്കോടതി നവ്‌ലാഖക്ക് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ എൻഐഎ സമയം ചോദിച്ചതിനാൽ ഹൈക്കോടതി ജാമ്യവിധി സ്റ്റേ ചെയ്തിരുന്നു.
നവ്‌ലാഖ ഭീകരപ്രവർത്തനം ചെയ്തു എന്നതിന് തെളിവില്ല എന്നായിരുന്നു ജാമ്യം പുറപ്പെടുവിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ സുപ്രധാന നിരീക്ഷണം. പ്രഥമദൃഷ്ട്യാ ഹൈക്കോടതി ഉത്തരവ് ശരി വച്ചാണ് സുപ്രീം കോടതിയും ജാമ്യം അനുവദിച്ചത്.