തിരുവനന്തപുരം: ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു.
പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെ- ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നൽകണം. ലഘുഭക്ഷണങ്ങൾ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകും. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു. പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ
പ്രൊപ്പോസലുകൾ മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കണമെന്നാണ് നിർദേശം. ഓരോ പ്രൊപ്പോസലും “ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം – കെഎസ്ആർടിസി ബസ്സുകളിൽ” എന്ന് വ്യക്തമായി അടയാളപ്പെടുത്തി മെയ് 24ന് 5 മണിക്ക് മുൻപ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി [email protected] എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസർ ) എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാമെന്നും കെഎസ്ആർടിസി അറിയിച്ചു.