കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൈവിരലിന്‍റെ ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. പിഴവ് സംഭവിച്ചതിൽ ഡോക്ടർമാർ മാപ്പുപറഞ്ഞെന്ന് കുടുംബം അറിയിച്ചു. പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ആറാംവിരൽ നീക്കം ചെയ്തു. ചെറുവണ്ണൂർ സ്വദേശിയായ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.