ഇസ്ലാമാബാദ്: ഇന്ത്യയുടെ മുന്നേറ്റവും പാക്കിസ്ഥാന്റെ പരിതാപകരമായ പിന്നോക്കാവസ്ഥയും താരതമ്യം ചെയ്ത് പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ഒരംഗം നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.
രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പാകിസ്ഥാന്റെ പരിതാപസ്ഥിതി തുറന്നുകാണിച്ച് മുത്തഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്‍ (എം.ക്യു.എം.-പി.) നേതാവ് സയ്യിദ് മുസ്തഫ കമാല്‍ ആണ് ബുധനാഴ്ച പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. ഇന്ത്യയുടെ നേട്ടങ്ങള്‍ ഓരോന്നായി എടുത്തുകാട്ടിയാണ് കമാല്‍ പാകിസ്ഥാന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വാചാലനായത്. ഇന്ത്യയുടെ ചന്ദ്രയാന്‍ പരീക്ഷണവും കറാച്ചിയിലെ കുടിവെള്ള പ്രശ്നവും ചൂണ്ടിക്കാട്ടിയുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇന്ത്യ ചന്ദ്രനില്‍ കാലുകുത്താനുള്ള പരീക്ഷണങ്ങളുമായി മുന്നേറുമ്പോള്‍ പാകിസ്ഥാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് റോഡിലെ ഗട്ടറുകളില്‍ വീണുമരിച്ച കുട്ടികളുടെ പേരിലായിരുന്നെന്ന് കമാല്‍ ആക്ഷേപിച്ചു. ‘ലോകം ചന്ദ്രനിലേക്ക് കുതിക്കുമ്പോള്‍ കറാച്ചിയില്‍ കുട്ടികള്‍ ഗട്ടറില്‍വീണ് മരിക്കുകയാണ്. ഇന്ത്യ ചന്ദ്രനിലെത്തിയ വാര്‍ത്തവന്ന് നിമിഷങ്ങള്‍ക്കകം പാകിസ്ഥാനും വാര്‍ത്തകളില്‍ നിറഞ്ഞു, അതുപക്ഷേ കറാച്ചിയില്‍ കുട്ടികള്‍ ഗട്ടറില്‍വീണ് മരിച്ചു എന്നായിരുന്നു’, കമാല്‍ പറഞ്ഞു.
കറാച്ചിയിലെ ശുദ്ധജലക്ഷാമത്തെക്കുറിച്ചും പാകിസ്ഥാനില്‍ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്ത സാഹചര്യത്തെക്കുറിച്ചും കമാല്‍ പ്രസംഗത്തില്‍ സംസാരിച്ചു. ‘പാകിസ്ഥാന്റെ വരുമാനം പ്രധാനമായും എത്തുന്നത് കറാച്ചിയില്‍നിന്നാണ്. പാകിസ്ഥാനിലെ പ്രധാനപ്പെട്ട രണ്ട് തുറമുഖങ്ങളും സ്ഥിതി ചെയ്യുന്ന, പാകിസ്ഥാനിലേക്കുള്ള കവാടമാണ് കറാച്ചി. മധ്യ-ഏഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള വാതിലും. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി കടുത്ത ശുദ്ധജലക്ഷാമമാണ് കറാച്ചി നേരിടുന്നത്.
കറാച്ചിയിലേക്ക് എത്തുന്ന കുടിവെള്ളം ടാങ്കര്‍ മാഫിയകള്‍ തടഞ്ഞുവെക്കുകയാണ്. എന്നിട്ട് കൊള്ളലാഭത്തില്‍ അത് ജനങ്ങള്‍ക്ക് വില്‍ക്കുന്നു. പാകിസ്ഥാനിലെ വിദ്യാഭ്യാസ രംഗത്തും സ്ഥിതി മോശമാണ്. രാജ്യത്ത് മൊത്തം 48,000 സ്‌കൂളുകളുണ്ടെന്നാണ് കണക്ക്. എന്നാലിതില്‍ 11,000 സ്‌കൂളുകളും പ്രേതസ്‌കൂളുകള്‍ എന്നാണ് അറിയപ്പെടുന്നത്. കാരണം ഇവിടെ പഠിക്കാന്‍ കുട്ടികള്‍ എത്തുന്നില്ല. സിന്ധ് പ്രവിശ്യയില്‍ മാത്രം 70 ലക്ഷത്തോളം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല എന്നാണ് കണക്കുകള്‍ പറയുന്നത്.
പാകിസ്ഥാനില്‍ മൊത്തമായി രണ്ടുകോടി അറുപത്തിരണ്ട് ലക്ഷത്തോളം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല എന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വിഷയത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍പോലും രാജ്യത്തെ ഒരു രാഷ്ട്രീയനേതാവിനും ഉറക്കം കിട്ടില്ല’, കമാല്‍ പറഞ്ഞു. 2023 ഓഗസ്റ്റ് ആവസാനത്തോടെ ഇന്ത്യയുടെ ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ തെക്കുഭാഗത്ത് ഇറങ്ങുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. അതേസമയം, പണപ്പെരുപ്പവും കടവുംമൂലം വലയുകയാണ് പാകിസ്ഥാന്‍.
നിലവിലെ പ്രശ്നപരിഹാരത്തിനായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍നിന്നും (ഐ.എം.എഫ്.) പുതിയ ലോണ്‍ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് പാകിസ്ഥാന്‍. ഐ.എം.എഫ്. ഉദ്യോഗസ്ഥരും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതേസമയം, ഊര്‍ജമേഖലയിലും നികുതിയിനത്തിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ മാത്രമേ പാകിസ്ഥാന്റെ പ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥനത്തിലുള്ള പരിഹാരം സാധ്യമാകൂ എന്നാണ് ഐ.എം.എഫ്. പറയുന്നത്.