അബുദാബി : ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)-ഡൽഹി അബുദാബി ക്യാംപസിൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിലാണ് യുഎഇ തലസ്ഥാനത്ത് ഐഐടി-ഡൽഹി ക്യാംപസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം (എംഒയു) ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (എഡിഇകെ) ഒപ്പുവച്ചത്. ഐഐടി-ഡൽഹി ഇന്ത്യൻ സർക്കാർ ധനസഹായം നൽകുന്ന പ്രധാന സാങ്കേതിക ഗവേഷണ സ്ഥാപനമാണ്. ഇവിടെ പഠിക്കുക എന്നത് ഓരോ വിദ്യാർഥിയുടെയും സ്വപ്നമാണ്. അതാണ് ഇപ്പോൾ പൂവണിയാകാൻ പോകുന്നത്.
2024-25 അധ്യയന വർഷത്തിൽ ഐഐടി-ഡൽഹി അബുദാബി ക്യാംപസ് രണ്ട് ബാച്ചിലേഴ്സ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ആകെ 60 സീറ്റുകൾ ലഭ്യമാണ്, ഓരോ പ്രോഗ്രാമും 30 സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ആദ്യ ബാച്ച് വിദ്യാർഥികൾക്ക് ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ പ്രവേശനം നൽകും. (BTech. in Computer Science and Engineering. BTech. in Energy Engineering).