കറാച്ചി: വിലക്കയറ്റവും, വര്‍ധിച്ച നികുതി-വൈദ്യുതി നിരക്കുകളും കൊണ്ട് ജനജീവിതം ദുസ്സഹമായ പാക് അധിനിവേശ കശ്മീരില്‍(പിഒകെ) ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ റാവല്‍കോട്ട് വഴി മുസാഫറാബാദിലേക്ക് മാര്‍ച്ച് ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം പലപ്പോഴും അക്രമാസക്തമായതോടെ സമരക്കാരെ നേരിടാന്‍ പ്രാദേശിക സുരക്ഷാ സേനയും പട്ടാളവും ഇറങ്ങി.
പോലീസും സൈന്യവും കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ച് മാര്‍ച്ച് തടയാന്‍ ശ്രമിച്ചു. പ്രതിഷേധക്കാര്‍ പോലീസിന് നേരെ തിരിഞ്ഞ് നിരവധി സുരക്ഷാ വാഹനങ്ങള്‍ കത്തിച്ചതോടെ സംഘര്‍ഷം രൂക്ഷമായി.
20 ഓളം പോലീസുകാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിഒകെയില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ എക്‌സ് (മുമ്പ് ട്വിറ്റര്‍) എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പിഒകെയില്‍ നിന്നുള്ള അത്തരം വീഡിയോകളും ചിത്രങ്ങളും കൊണ്ട് നിറയുകയാണ്.
‘പിഒകെ കത്തുകയാണ്’ എന്ന് പാക്കിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സുരക്ഷാ വിശകലന വിദഗ്ധന്‍ സുശാന്ത് സരീന്‍ പറഞ്ഞു. ‘പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതും മുമ്പ് സമാനമായ കലാപം ശക്തിപ്പെട്ടതുമായ ബലൂച്, പഷ്തൂണ്‍ മേഖലകളിലെ പ്രതിഷേധക്കാരെ വിജയകരമായി സൈന്യം അമര്‍ച്ചചെയ്തിട്ടുണ്ട്.
പാകിസ്ഥാന്‍ സൈന്യത്തിന് മുന്നില്‍ ‘പാക്കിസ്ഥാന്‍ സേ ലെയ്ന്‍ ജി ആസാദി'( സ്വാതന്ത്ര്യത്തിനായി പോരാടും) എന്ന് കശ്മീരികള്‍ മുദ്രാവാക്യം വിളിക്കുന്നു. പാക്കിസ്ഥാനിലെ സ്വന്തം ജനങ്ങളെ കീഴടക്കുകയും ജനവിധി മോഷ്ടിക്കുകയും ചെയ്തുകൊണ്ട് അവര്‍ കാശ്മീര്‍ നഷ്ടപ്പെടുത്തുകയാണെന്ന് പാക് പത്രപ്രവര്‍ത്തകന്‍ അഹമ്മദ് ഫര്‍ഹാദിന്റെ ട്വീറ്റിന് മറുപടിയായാണ് സറീന്റെ പരാമര്‍ശം.
സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുന്ന ഒരു വീഡിയോ സ്വാഭിമാനിയായ അഫ്ഗാന്‍ എന്ന് വിശേഷിപ്പിക്കുന്ന ലൈല ഖാന്‍, സാമൂഹികമാധ്യമത്തില്‍ പങ്കിട്ടു. കശ്മീരിലെ നിരപരാധികളെ ഭീഷണിപ്പെടുത്തുന്നതിനുപകരം വടക്കന്‍ വസീറിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ ബോംബിട്ടു തകര്‍ക്കുന്നതില്‍ നിന്ന് സംരക്ഷിക്കാനാണ് പാകിസ്ഥാന്‍ സൈന്യത്തെ അയയ്‌ക്കേണ്ടതെന്ന് ലൈല ഖാന്‍ ആവശ്യപ്പെട്ടു.
വടക്കന്‍ വസീറിസ്ഥാനില്‍, മെയ് 8 ന് രാത്രി തഹസില്‍ ഷെവയില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂള്‍ അജ്ഞാതരായ തീവ്രവാദികള്‍ ബോംബിട്ടു തകര്‍ത്തതായി ഡോണ്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്രവാദികള്‍ ആദ്യം സ്‌കൂള്‍ കാവല്‍ക്കാരനെ മര്‍ദ്ദിക്കുകയും പിന്നീട് സ്‌കൂളിന്റെ രണ്ട് മുറികള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.
അധിനിവേശ കശ്മീരിലെ പാകിസ്ഥാനില്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് തുര്‍ക്കിയില്‍ ജനിച്ച പത്രപ്രവര്‍ത്തകനായ ഉസായ് ബുലൂത്ത് പറഞ്ഞു. മേഖലയിലെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് സൈന്യത്തെ വിന്യസിക്കുന്നതിനാല്‍ പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരില്‍ (പിഒജെകെ) സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരി ജനതയുടെ രൂക്ഷമായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് അവിടെ പ്രതിഷേധങ്ങള്‍ നടക്കുന്നത്.
പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തുന്നതിനെതിരെ യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയും (യുകെപിഎന്‍പി) ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും (ജെഎഎസി) പാകിസ്ഥാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് പാകിസ്ഥാന്‍ സൈന്യത്തെ ഈ പ്രദേശത്തേക്ക് വിന്യസിച്ചത് കൂടുതല്‍ പ്രതിഷേധത്തിലേക്ക് നയിച്ചു