അബുദാബി : സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,370-ലേറെ സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ മന്ത്രാലയം പുതിയ മുന്നറിയിപ്പും നൽകി.
സ്വദേശിവത്കരണ പദ്ധതിക്ക് തുരങ്കം വയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ നിയമമനുസരിച്ച് കർശനമായി കൈകാര്യം ചെയ്യും. 2022 പകുതി മുതൽ ഈ മാസം 16 വരെയുള്ള അവലോകന കാലയളവിൽ നിയമവിരുദ്ധമായി നിയമിച്ച 2,170 സ്വദേശികളെ മന്ത്രാലയം ഇൻസ്പെക്ടർമാർ കണ്ടെത്തി. 2,170 യുഎഇ പൗരന്മാരെ നിയമിച്ച 1,379 സ്വകാര്യ കമ്പനികളെ പരിശോധനാ സംഘം വിജയകരമായി തിരിച്ചറിഞ്ഞുവെന്നും വ്യക്തമാക്കി. ഓരോ കേസിലും നിയമലംഘകർക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. അതേസമയം, 20,000-ത്തിലേറെ സ്വകാര്യ കമ്പനികൾ സ്വദേശികളെ നിയമിക്കുകയും സ്വദേശിവത്കരണ നയങ്ങളും തീരുമാനങ്ങളും പാലിക്കുകയും ചെയ്തിട്ടുണ്ട്.