തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം ഉണ്ട്.
കേരള തീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കും എന്നാണ് വിലയിരുത്തൽ.