Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedലീഗിനെതിരെ പരോക്ഷ വിമർശനവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

ലീഗിനെതിരെ പരോക്ഷ വിമർശനവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

ദുബൈ: ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവർത്തനമെന്ന് മുസ്‍ലിം ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത പ്രസിഡന്‍റ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. വളരാൻ വേണ്ടി സുപ്രഭാതം നടത്തുന്ന മത്സരത്തിൽ ചിലർക്ക് അസൂയ സ്വാഭാവികമെന്നും സുപ്രഭാതം പത്രം ഗൾഫ് എഡിഷൻ ലോഞ്ചിൽ സമസ്ത പ്രസിഡന്റ് പറഞ്ഞു. മുസ്‍ലിം ലീഗിന്റെയും കോൺഗ്രസിന്റെയും പ്രധാന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തില്ല. സുപ്രഭാതം ഗൾഫിൽ എത്തുന്ന ചടങ്ങ് ബഹിഷ്കരിച്ചവരെ ജനം ബഹിഷ്കരിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു.

സുപ്രഭാതം പത്രത്തിന്റെ 9 വർഷം മുൻപുള്ള ഉദ്ഘാടന ചടങ്ങിന്‍റെ ചിത്രം ഗൾഫിലെ എഡിഷൻ ലോഞ്ച് വേദിക്ക് സമീപം പ്രദർശിപ്പിച്ചിട്ടുണ്ട്. അന്നത്തെ ചടങ്ങിൽ പങ്കെടുത്ത, ജീവിച്ചിരിക്കുന്ന പ്രമുഖ നേതാക്കളുടെ അസാന്നിധ്യമാണ് ഗൾഫിലെ സുപ്രഭാതം എഡിഷൻ ലോഞ്ചിൽ ശ്രദ്ധേയമായത്. സമസ്ത നേതാക്കളാരും ലീഗ് നേതാക്കളുടെ വിട്ടുനിൽക്കൽ പ്രത്യക്ഷത്തിൽ പരാമർശിച്ചില്ല. സ്വന്തം പത്രം തുടങ്ങാൻ ഉണ്ടായ സാഹചര്യത്തെ, എപ്പോഴും വാടക വീട്ടിൽ കഴിയാനാകില്ലല്ലോ എന്ന് വിശേഷിപ്പിച്ചാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസംഗം തുടങ്ങിയത്.

നാട്ടിലെ വർക്കിങ് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടിയാണ് സാദിഖ്‌ അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ ലീഗ് നേതാക്കൾ വിട്ടുനിന്നത്. കോൺഗ്രസിൽ നിന്ന് കെ മുരളീധരൻ മീഡിയ സെമിനാറിൽ പങ്കെടുത്തു. സുപ്രഭാതം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പത്രം എന്നാണ് സുപ്രഭാതം ഓൺലൈൻ എഡിഷൻ ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞത്. ലീഗ് നേതാക്കൾ ഉൾപ്പെടെ ഉള്ളവരുടെ അസാന്നിധ്യത്തെ കുറിച്ച് പറഞ്ഞ മന്ത്രിയുടെ വാക്കുകളെ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്- “ഒരു മാധ്യമം ഒരു പുതിയ എഡിഷൻ തുടങ്ങുമ്പോള്‍ വിട്ടുനിൽക്കാൻ ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആർക്കും തോന്നില്ല. ആർക്കെങ്കിലും ബഹിഷ്കരിക്കണമെന്ന് തോന്നുകയാണെങ്കിൽ ജനം അവരെ ബഹിഷ്കരിക്കുന്ന സ്ഥിതിയാണുണ്ടാവുക.”

സമസ്തയും ലീഗും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ ചർച്ചയായ ഗൾഫ് എഡിഷൻ ലോഞ്ചിൽ ഗൾഫിലെ പ്രാബല സംഘടനയായ കെഎംസിസി നേതാക്കളുടെയും അസാന്നിധ്യം ശ്രദ്ധേയമായി. അതേസമയം ഒറ്റപ്പെട്ട ചില നേതാക്കൾ ചടങ്ങിന് എത്തി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments