തെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ടു. പരിക്കുകളോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയാ ഇർന അറിയിക്കുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മത്തി, മറ്റ് ഉദ്യോഗസ്ഥർ അടക്കം പ്രമുഖരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. പ്രസിഡന്‍റിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഇറാനിലെ ന്യൂസ് ഏജൻസികൾ അഭ്യർത്ഥിച്ചു.
രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർ അപകടസ്ഥലത്ത് എത്താൻ സമയമെടുക്കുമെന്നും ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി അറിയിച്ചു. അപകടത്തിൽപെട്ട ഹെലികോപ്ടറിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂടൽമഞ്ഞുള്ള കാലാവസ്ഥയും ദുർഘടമായ പാതകളും തിരച്ചിൽ ദുഷ്കരമാക്കിയിട്ടുണ്ട്.
കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലൂടെ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറാണിത്. അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം. അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച രാവിലെയാണ് റഈസി അസർബൈജാനിൽ എത്തിയത്.