തിരുവല്ല: ഡാളസില്‍ കാലം ചെയ്ത ബിലീവേഴ്‌സ് ചര്‍ച്ച് പ്രഥമ മെത്രാപ്പോലീത്ത മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം നാളെ സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ നടക്കും. രാവിലെ ഒമ്പതിന് കബറടക്കത്തിന്റെ എഴാമത് ശുശ്രൂഷ ആരംഭിക്കും. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതിക ശരീരം 9.30 ന് ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും കാമ്പസിലൂടെ വിലാപയാത്രയായി സെന്റ് തോമസ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ എത്തിക്കും. തുടര്‍ന്ന് 11 ന് എട്ടാമത്തെയും അവസാനത്തേതുമായ ചടങ്ങുകള്‍ നടക്കും. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 12.30 ന് കബറടക്കും.
ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്റര്‍ സാമുവേല്‍ മോര്‍ തിയോഫിലോസ് എപ്പിസ്‌കോപ്പാ കബറടക്ക ശുശ്രൂഷയുടെ മുഖ്യകാര്‍മ്മികനായിരിക്കും. ബിലീവേഴ്‌സ് സഭയിലെ കേരളാ ഡയോസിസ് സഹായ മെത്രാന്‍ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, അമേരിക്കന്‍ ഭദ്രാസനാധിപന്‍ ദാനിയേല്‍ മോര്‍ തിമോഥേയോസ് എപ്പിസ്‌ക്കോപ്പാ, ജോണ്‍ മോര്‍ ഐറേനിയോസ് എപ്പിസ്‌കോപ്പാ, ബിലീവേഴ്‌സ് സഭയിലെ മറ്റു തിരുമേനിമാര്‍ എന്നിവര്‍ സഹകാര്‍മ്മീകരാകും. മദ്ബഹായോടു് ചേര്‍ന്ന് ഒരിക്കിയിട്ടുള്ള പ്രത്യേക കബറില്‍ 11 മണിയോടു മാര്‍പ്പാപ്പാമാരുടെ കബറടക്കം പോലെ കിടത്തിയാണ് സംസ്‌കരിക്കുന്നത്.
19 ന് രാത്രി ഒമ്പതു മണിയോടെ മെത്രാപ്പോലീത്തയുടെ അരമനയിലെത്തിച്ച ഭൗതിക ദേഹത്തില്‍ രണ്ടായിരത്തോളം വൈദികര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് ഭൗതിക ശരീരം ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ചു. കനത്ത മഴ വകവയ്ക്കാതെ ആയിരങ്ങളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
യാക്കോബായ സഭ ട്രസ്റ്റി തോമസ് മാര്‍ തിമോത്തിയോസ്, ക്‌നാനായ യാക്കോബായ സഭ കല്ലിശേരി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ്, ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ക്‌നാനായ കത്തോലിക്ക സഭ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പ്രാര്‍ഥനകള്‍ നടത്തി.