ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഐസിസിയുടെ അറസ്റ്റ് വാറണ്ട്. ഗസ്സ-ഇസ്രയേല്‍ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടി. ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനും വാറണ്ടുണ്ട്. യഹ്യ സിന്‍വാറടക്കം മൂന്ന് ഹമാസ് നേതാക്കള്‍ക്കെതിരെയും അറസ്റ്റ് വാറണ്ടുണ്ട്. ഇസ്രയേലിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ ഇതാദ്യമായാണ് അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിരിക്കുന്നത്.
മാനവരാശിയ്‌ക്കെതിരായ നിരവധി കുറ്റകൃത്യങ്ങള്‍ നെതന്യാഹു ചെയ്‌തെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പക്കലുണ്ടെന്ന് ഐസിസിയിലെ പ്രോസിക്യൂട്ടറായ കരീം ഖാന്‍ കെസി അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.
ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയ്യ, ഗ്രൂപ്പിന്റെ സൈനിക മേധാവി മുഹമ്മദ് ഡീഫ് എന്നിവര്‍ക്കെതിരെയും അറസ്റ്റ് വാറണ്ടുണ്ട്. മുഹമ്മദ് ഡീഫും യഹ്യ സിന്‍വാറും ഗസ്സയിലാണുള്ളത്. ഖത്തറിലാണ് ഇസ്മായില്‍ ഹനിയ്യ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂട്ടക്കൊല, ബലാത്സംഗം, ബന്ദികളാക്കല്‍, തടങ്കലില്‍ വച്ചുള്ള ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് ഹമാസ് നേതാക്കള്‍ക്കെതിരെ ചുമത്താനിരിക്കുന്നത്. ഉന്മൂലനം, കൂട്ടക്കൊല, പട്ടിണിയ്ക്ക് കാരണക്കാരാകുക, സാധാരണക്കാരെ ബോധപൂര്‍വം ലക്ഷ്യംവച്ച് ആക്രമിക്കുക, മാനുഷിക സഹായങ്ങള്‍ തടയുക തുടങ്ങിയ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്താനിരിക്കുന്നത്.