പാകിസ്ഥാനിലെ ബിസിനസുകാർക്ക് ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ നടത്തുന്നതിന് താൽപ്പര്യമുണ്ടോ? ഉണ്ടെന്നാണ് പാക്ക് സർക്കാർ വ്യക്തമാക്കുന്നത്, എന്നാൽ 2019 മുതൽ നിലവിലില്ലാത്ത ബന്ധം പുനഃസ്ഥാപിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ല എന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിന്റെ നിലപാട്. പുൽവാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ഭാരിച്ച തീരുവ ചുമത്തിയതിനാൽ 2019 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം നിർത്തിവച്ചിരിക്കുകയാണെന്ന് ദാർ പറഞ്ഞു. പുൽവാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് 200 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തിയത്.
കശ്മീർ ബസ് സർവീസും അതിർത്തി കടന്നുള്ള വ്യാപാരവും ഇന്ത്യ നിർത്തിവെച്ചതായും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. മാർച്ചിൽ ലണ്ടനിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ഇന്ത്യയുമായുള്ള വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് പാക്കിസ്ഥാനിലെ വ്യവസായ സമൂഹത്തിന് ആഗ്രഹം ഉണ്ടെന്ന് ഇഷാഖ് ദാർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് ഇപ്പോൾ അദ്ദേഹം വ്യക്തത വരുത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 5 ന് ഇന്ത്യൻ പാർലമെന്റ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാൻ ഇന്ത്യയുമായുള്ള രാഷ്ട്രീയ ബന്ധം കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതാണ് ഈ തീരുമാനമെന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്.