ദില്ലി: റോഡ് ഷോയ്ക്ക് പിന്നാലെ നടന്ന പ്രസ്താവനയിലെ നാവു പിഴ രൂക്ഷ വിമർശനത്തിന് കാരണമായതിന് പിന്നാലെ പുരി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സംബിത് പത്ര പരിഹാരമായി ത്രിദിന ഉപവാസത്തിൽ. ചൊവ്വാഴ്ചയാണ് നാവ് പിഴയ്ക്ക് ക്ഷമാപണം നടത്തിയ സംബിത് പത്ര മൂന്ന് ദിവസത്തേക്ക് ഉപവാസത്തിലാണെന്ന് വിശദമാക്കിയത്. എക്സിലൂടെയാണ് സംബിത് പത്ര ക്ഷമാപണം നടത്തിയത്.
ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനായിരുന്നുവെന്നായിരുന്നു റോഡ് ഷോയ്ക്ക് പിന്നാലെ സംബിത് പത്ര പ്രതികരിച്ചത്. പരാമർശം വലിയ രീതിയിലുള്ള വിമർശനമാണ് നേരിടേണ്ടി വന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിക്ക് ശേഷമായിരുന്നു സംബിത് പത്രയുടെ പ്രതികരണം.
പ്രതികരണത്തിനെതിരെ ഒഡിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അടക്കമുള്ളവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒഡിഷയുടെ അഭിമാനത്തെ സംബിത് പത്ര മുറിവേൽപ്പിച്ചുവെന്നാണ് നവീൻ പട്നായിക് വിശദമാക്കിയത്. സംബിത് പത്രയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും പ്രതികരിച്ചിരുന്നു.