അബുദാബി : സൂപ്പർസ്റ്റാർ രജനികാന്തിന് യുഎഇ ഗോൾഡൻ വീസ നൽകി അബുദാബി സർക്കാർ. അബുദാബി ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെന്റ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി) വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് വീസ പതിച്ച എമിറേറ്റ്സ് ഐഡി താരത്തിന് കൈമാറി. പ്രമുഖ വ്യവസായിയും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലി ഉദ്യോഗസ്ഥരോടൊപ്പം ഈ നടപടികൾ പൂർത്തിയാകുന്നതിന് സഹായിച്ചു.
അബുദാബി സർക്കാരിൽ നിന്ന് അഭിമാനകരമായ യുഎഇ ഗോൾഡൻ വീസ ലഭിച്ചതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് രജനികാന്ത് നന്ദി പറഞ്ഞു. അബുദാബി സർക്കാരിനും ഈ വീസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കിയതിന് സുഹൃത്തായ ലുലു ഗ്രൂപ്പ് സിഎംഡി യൂസഫലിക്കും താരം നന്ദി അറിയിച്ചു.