Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബാർ കോഴ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

ബാർ കോഴ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ബാർ കോഴ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. പണപ്പിരിവ് എന്നത് വ്യാജ പ്രചാരണമാണ്. യുഡിഎഫിന്റെ കാലത്തിന്റെ ആവർത്തനം തന്നെയാണ് എൽഡിഎഫ് കാലത്തും എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ആരോപണം വരുന്നതെന്നും അ​ദ്ദേഹം വ്യക്തമാക്കി.

ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളുടെ താൽപര്യമാണ് എൽഡിഎഫ് സർക്കാർ സംരക്ഷിക്കുന്നത്. അല്ലാതെ സമ്പന്നന്മാരുടെ താല്പര്യമല്ല. എൽഡിഎഫ് കാലത്ത് മദ്യ ഉപഭോഗം കുറയുകയാണ് ഉണ്ടായതെന്ന് പറഞ്ഞ എം വി ​​ഗോവിന്ദൻ, പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി. മന്ത്രി രാജി വെക്കേണ്ട കാര്യമില്ല. വ്യാജ പ്രചാരണത്തിന് എതിരായ അന്വേഷണം വേണമെന്ന് മന്ത്രി പൊലീസിന് കത്ത് നൽകിയിട്ടുണ്ട്.ഡ്രൈ ഡേ സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർ ചർച്ച ചെയ്തിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടതുമുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്താണ് നയം തീരുമാനിക്കുന്നത്, അല്ലാതെ ഉദ്യോഗസ്ഥരല്ല സർക്കാരിന്റെ നയം നിശ്ചയിക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എല്ലാവരിൽ നിന്നും ഫണ്ട് പിരിക്കാറുണ്ട്, ബാറുകാരിൽ നിന്നും ഫണ്ട് പിരിച്ചിട്ടുണ്ടാകും. അവരിൽ നിന്ന് പിരിവ് വാങ്ങിയിട്ടില്ല എന്നൊന്നും പറയില്ല. ആരുടെയെങ്കിലും പണം വാങ്ങി നയം രൂപീകരിക്കുന്ന പാർട്ടിയല്ല സിപിഐഎം. ആരുടെയെങ്കിലും പണം വാങ്ങി നയം രൂപീകരിക്കുന്ന മുന്നണിയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

മോദി ഗ്യാരന്റി ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മോദി മുസ്ലിംകൾക്കെതിരെ വർഗീയത പ്രചരിപ്പിക്കുകയാണെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. വർഗീയ പ്രചാരണങ്ങളിൽ തിരെഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല. എന്നാൽ മഴക്കെടുതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുന്നു‌. വർഗീയ പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നത് തടയുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യസഭാ സീറ്റ് എല്ലാ പാർട്ടിക്കും ആവശ്യപ്പെടാം. എന്നാൽ ഈ വിഷയം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം രാജ്യസഭാ സീറ്റ് വിഷയം ചർച്ച ചെയ്യുമെന്നും കേരള കോൺ​ഗ്രസ് എമ്മിന്റെ സീറ്റ് ആവശ്യത്തിൽ എം വി ​ഗോവിന്ദൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments