മനോജ് ചന്ദനപ്പള്ളി
പത്തനംതിട്ട: അന്ന ദാനത്തിൻ്റെ മഹത്വം പറയുന്ന ഒരു വലിയ കഥ പറയാനുണ്ട് ചന്ദനപ്പള്ളിക്ക്. വലിയ പള്ളി പെരുന്നാൾ ദേശത്തിൻ്റെ പെരുന്നാൾ ആകുന്നതും അതുകൊണ്ട് തന്നെയാണ്.
ചന്ദനപ്പള്ളി വലിയപള്ളിയും സഹദായുടെ പെരുന്നാളും മതസൗഹാർദ്ധത്തിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കരുതലാണ്. അത് വർഷം മുഴുവൻ നീണ്ടു നിൽക്കുന്നതുമാണ്.
പോയ കാലത്ത് ചെമ്പെടുപ്പിനു നേർച്ചയായി എത്തുന്ന അരി പാവങ്ങൾക്ക് വിതരണം ചെയ്യുക പതിവുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് വലിയപളളി പുതുക്കി നിർമിച്ചപ്പോൾ, അന്ന് നിർമാണ തൊഴിലിൽ ഏർപ്പെട്ടവർക്ക് നാനാ ജാതി മതസ്ഥർ ചേർന്ന് ചെമ്പിൻ മൂട്ടിൽ അരി പാകം ചെയ്ത് കൽകുരിശിനു സമീപമെത്തിച്ചു അന്നദാനം നടത്തിയിരുന്നു. അതിൻ്റെ ഓർമ്മ പിൽക്കാലത്ത് ചെമ്പെടുപ്പായി പരിണമിക്കുകയും നാടിൻ്റ് നാനാ ഭാഗത്ത് നിന്ന് അരി നേർച്ചയായി പള്ളിയിൽ എത്തി തുടങ്ങുകയും ചെയ്തു. അന്ന് നിലങ്ങളിൽ നിന്ന് കർഷകർക്ക് ലഭ്യമാകുന്ന നെല്ല് പ്രത്യേകം വേർതിരിച്ച് അരിയായി സൂക്ഷിക്കുകയാണ് പതിവ്. അതിലൊരു പങ്ക് പെരുന്നാളിന് പുണ്യാളച്ചന് നേർച്ച സമർപ്പിക്കാൻ മാത്രമായി മാറ്റി വയ്ക്കപ്പെട്ടിരുന്നു. പെരുന്നാളിൻ്റെ പ്രധാന ദിവസം ചെമ്പെടുപ്പിന് ശേഷം വിവിധ ജാതി മതസ്ഥർ പുണ്യാളച്ചന് കാഴ്ച വയ്ക്കുന്ന അരി പൂർണമായി വിതരണം ചെയ്യുകയും വർഷം മുഴുവൻ സാധുക്കൾക്കത് സഹായകമാവുകയും ചെയ്ത നേരനുഭവങ്ങൾ പൂർവ്വികർ ഇന്നും ഓർമിച്ച് എടുക്കുന്നു.
കാലങ്ങൾക്ക് ഇപ്പുറവും ആ കരുതലിൻ്റെ മാഹാത്മ്യം പുതു തലമുറയും പിന്തുടരുന്നു. ഇക്കൊല്ലം 1000 കിലോയിലേറെ അരിയാണ് ജില്ലയിലെയും അയൽ ജില്ലകളിലെയും വിവിധ അനാഥാലയങ്ങൾ,
സാമൂഹ്യ ക്ഷേമ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ച് നൽകിയത്.
അങ്ങാടിക്കൽ സ്നേഹാലയം, അങ്ങാടിക്കൽ മഹാത്മ ജന സേവാകേന്ദ്രം, ചിരണിക്കൽ ഏയ്ഞ്ചൽ ഹോം, കീരുകുഴി ബാലികാ സദൻ, പത്തനംതിട്ട പ്രകാശ ധാരാ, പത്തനംതിട്ട ശാന്തി സദനം, മൈലപ്ര ആശ്രമം, മൈലപ്ര പാലിയേറ്റീവ് കെയർ സെൻ്റർ, വെച്ചൂച്ചിറ മേഴ്സി ഹോം തുടങ്ങിയ 14 ലേറെ സ്ഥാപനങ്ങൾ കൂടാതെ ദേശത്തെ അർഹരായവരിലേക്കും ആ കരുതൽ ഇക്കൊല്ലവും എത്തി. ഇടവക കമ്മിറ്റിയുടെയും പെരുന്നാൾ കമ്മിറ്റിയുടേയും ഭാരവാഹികൾ ഓരോ ഇടത്തും നേരിട്ട് എത്തിയാണ് സഹായങ്ങൾ എത്തിച്ചത്. വികാരി ഫാ. ഷിജു ജോൺ, അസിസ്റ്റൻറ് വികാരി ജോം മാത്യു, ട്രസ്റ്റി കെ എസ് തങ്കച്ചൻ ,സെക്രട്ടറി പി ഡി ബേബിക്കുട്ടി എന്നിവർ നേതൃത്വം നൽകി.