ദുബായ് : പഠനത്തോടൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശി വിദ്യാർഥികൾക്ക് നൽകുന്ന ശമ്പളം 4000 ദിർഹത്തിൽ കുറയരുതെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വദേശികളായ വിദ്യാർഥികൾക്കുള്ള പ്രത്യേക തൊഴിൽ കരാർ രൂപപ്പെടുത്തിയാണ് നിയമനം നൽകേണ്ടത്. വേതന സംരക്ഷണ സംവിധാനത്തിൽ (ഡബ്ല്യുപിഎസ്) റജിസ്റ്റർ ചെയ്തിരിക്കണം. യുഎഇയിലെ സ്വദേശി വിദ്യാർഥികൾക്കായി ഏകീകൃത തൊഴിൽ കരാർ പുറത്തിറക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
കരാർ പ്രകാരമുള്ള തസ്തികകളിലായിരിക്കണം. നിയമനം. ആരോഗ്യത്തിന് ഹാനികരമായ മേഖലകളിലും തസ്തികകളിലും ജോലി ചെയ്യിപ്പിക്കാൻ പാടില്ല.തൊഴിൽ കരാറിൽ തൊഴിൽ സമയവും കാലവും നിശ്ചയിച്ച് തൊഴിലുടമയും ജീവനക്കാരനും ഒപ്പുവയ്ക്കണം .
പഠന കാലത്തേക്കു മാത്രമായ പരിമിത കരാറാണിത്. പഠനം കഴിഞ്ഞും ജോലിയിൽ തുടർന്നാൽ കരാർ പുതുക്കണം. സ്വദേശി തൊഴിലാളികൾക്കുള്ള സാധാരണ കരാറിലേക്ക് മാറുകയാണു ചെയ്യേണ്ടത്. സ്വമേധയാ തൊഴിൽ ഉപേക്ഷിക്കുകയോ കമ്പനി ജോലിയിൽ നിന്നു നീക്കുകയോ ചെയ്യുകയാണെങ്കിൽ ഇരുവിഭാഗവും 30 പ്രവൃത്തി ദിവസത്തിനു മുൻപേ പരസ്പരം അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.