തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ കോഴയാരോപണം നിഷേധിച്ച് ബാറുടമ അനിമോൻ. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് അനിമോൻ ആരോപണം നിഷേധിച്ചത്. ശബ്ദരേഖയിട്ടത് ദേഷ്യവും സമ്മർദവും കാരണമെന്നും ക്രൈബ്രാഞ്ചിന് മൊഴി നൽകി.
പണം പിരിക്കാൻ സംസ്ഥാന പ്രസിഡന്റ് സമ്മർദം ചെലുത്തി. കെട്ടിടം വാങ്ങാൻ ഇടുക്കിയിൽ നിന്ന് 50 ലക്ഷം രൂപ പിരിക്കണമെന്നായിരുന്നു സമ്മർദം. ഇതേത്തുടർന്നാണ് ശബ്ദരേഖയിട്ടതെന്നും അനിമോൻ പൊലീസിന് മൊഴി നൽകി.
45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേഖയിട്ടത്. പറഞ്ഞത് കൃത്യമായി ഇപ്പോൾ ഓർമയില്ലെന്നും പുറത്തുവിട്ടത് പണം നൽകാൻ താത്പര്യമില്ലാത്തവർ ആകാമെന്നും അനിമോൻ പറഞ്ഞു.
കോട്ടയം കുറവിലങ്ങാട് അനിമോന്റെ ഉടമസ്ഥതയിലുള്ള സാനിയോ ബാറിലെത്തിയായിരുന്നു മൊഴിയെടുപ്പ്. രാവിലെ 11 മണിമുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു.
പ്രധാനമായും ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശം ആരുടേതാണെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എംബി രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തു നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് മൊഴിയെടുത്തത്.
ബാർകോഴ വിവാദത്തിൽ ഓഫീസ് കെട്ടിടത്തിന് രണ്ടര ലക്ഷം പിരിച്ചെന്ന ബാറുടമകളുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിന്നു. കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പ് തന്നെ നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് ഒരു ലക്ഷം രൂപ വീതമാണ് അംഗങ്ങൾ നൽകിയിരുന്നത്. മദ്യ നയത്തിലെ ഇളവിനു വേണ്ടി രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് പുറത്തായപ്പോഴാണ് കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് അസോസിയേഷൻ നേതാക്കൾ രംഗത്ത് എത്തിയിരുന്നത്.