തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സീറ്റിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടക്കുക. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്നു പേരുടെയും കാലാവധി ജൂൺ ഒന്നിന് അവസാനിക്കും.
നിലവിലെ നിയമസഭ പ്രാതിനിധ്യം അനുസരിച്ച് എൽ.ഡി.എഫിന് രണ്ടുപേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാനുള്ള അംഗസംഖ്യയേയുള്ളൂ. മുന്നണിയിലെ വലിയ കക്ഷിയായ സി.പി.എം അവരുടെ സീറ്റിൽ വിട്ടുവീഴ്ച ചെയ്യില്ല. രണ്ടാമത്തെ സീറ്റ് ആർക്കെന്ന തർക്കം മുന്നണിയിൽ ഉയർന്നിട്ടുണ്ട്. സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസ് മാണിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഒഴിവുവരുന്ന ഒരു സീറ്റിൽ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സി.പി.ഐയും കടുപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുനൽകിയതടക്കം സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സീറ്റിന് അർഹതയുണ്ടെന്നാണ് നേതാക്കളുടെ വാദം. ഇക്കാര്യം മുന്നണി യോഗത്തിൽ ഉന്നയിക്കും.