സെസ്‌കാഷെവന്‍: ഹംബോള്‍ട്ട് ബ്രോങ്കോസ് ജൂനിയര്‍ ഹോക്കി ടീം ഉള്‍പ്പെട്ട ബസ് അപകടത്തിന് കാരണമായ ട്രക്ക് ഡ്രൈവറെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ഉത്തരവിട്ടു.
ട്രക്ക് ഡ്രൈവര്‍ ജസ്‌കിരത് സിംഗ് സിദ്ദുവിനായുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡിന്റെ 15 മിനിറ്റ് വെര്‍ച്വല്‍ ഹിയറിംഗിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
തീരുമാനം വായിച്ചപ്പോള്‍ സിദ്ദു നിസ്സംഗനായിരുന്നു. 2014ലാണ് സിദ്ദു ഇന്ത്യയില്‍ നിന്നും കാനഡയിലെത്തിയത്.
2018-ല്‍ സാസ്‌കാഷെവനിലെ ടിസ്ഡെയ്ലിനടുത്തുള്ള ഗ്രാമീണ കവലയില്‍ ട്രക്ക് ജൂനിയര്‍ ഹോക്കി ടീം ബസിന്റെ പാതയിലേക്ക് കയറി ഇടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന 16 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കാല്‍ഗറിയില്‍ താമസിച്ചിരുന്ന സിദ്ദു അപകടകരമായ ഡ്രൈവിംഗിന്റെ പേരില്‍ കുറ്റം സമ്മതിക്കുകയും എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് പൂര്‍ണ പരോള്‍ അനുവദിച്ചിരുന്നു.
കൂടുതല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പിന്തുടരാനുണ്ടെന്നും സിദ്ദുവിനെ മാസങ്ങളോ വര്‍ഷങ്ങളോ നാടുകടത്താന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷന്‍ ഗ്രീന്‍ പറഞ്ഞു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സിദ്ദുവിന്റെ സ്ഥിരതാമസ പദവി തിരികെ നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഉടന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പദ്ധതിയിടുന്നതായി ഗ്രീന്‍ പറഞ്ഞു.
സിദ്ദുവിന്റെ കുറ്റം, പശ്ചാത്താപം, അയാള്‍ പൊതുജനങ്ങള്‍ക്ക് അപകടമാണോ എന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദുവിനും ഭാര്യയ്ക്കും ഇപ്പോള്‍ കാനഡയില്‍ ജനിച്ച ഒരു കുട്ടിയുണ്ടെന്നും ഗ്രീന്‍ പറഞ്ഞു. കുട്ടിക്ക് ഗുരുതരമായ ഹൃദയ, ശ്വാസകോശ സങ്കീര്‍ണതകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ കുട്ടിക്ക് വൈദ്യസഹായം ആവശ്യമുണ്ടെന്നും ഗ്രീന്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ നിരവധി കുടുംബാംഗങ്ങള്‍ സിദ്ദുവിനെ നാടുകടത്തണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാല്‍, 18 വയസ്സുള്ള മകന്‍ ഇവാന്‍ കൊല്ലപ്പെട്ട സ്‌കോട്ട് തോമസ് താന്‍ സിദ്ദുവിനോട് ക്ഷമിച്ചതായും അയാള്‍ കാനഡയില്‍ തുടരണമെന്നും വാദിച്ചു.
20 വയസ്സുള്ള മകന്‍ ജാക്സണ്‍ കൊല്ലപ്പെട്ട ക്രിസ് ജോസഫ് പറഞ്ഞത് നാടുകടത്തല്‍ വിധി ആശ്വാസമാണെന്നാണ്.