ടൊറന്റോ: ആദ്യ തലമുറയിലെ കനേഡിയന്മാരല്ലാത്തവര്‍ക്കും വംശം വഴിയുള്ള പൗരത്വം നേടുന്നതിനുള്ള ബില്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ അവതരിപ്പിച്ചു. മറ്റ് കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഈ നടപടിയെ സ്വാഗതം ചെയ്തു.
2009-ല്‍ പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലാണ് പൗരത്വത്തില്‍ ‘ഒന്നാം തലമുറ പരിധി’ ചേര്‍ത്തത്. കാനഡയില്‍ ജനിച്ചതോ കുട്ടിയുടെ ജനനത്തിന് പൗരത്വം ലഭിച്ച രക്ഷിതാവിനോ മാത്രമേ പൗരത്വമുണ്ടാകു എന്നാണ് അതിനര്‍ഥം.
എന്നാല്‍ കുട്ടി ജനിക്കുന്നത് കാനഡയ്ക്ക് പുറത്താണെങ്കില്‍ കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയന്‍ പൗരന്മാര്‍ക്ക് ആദ്യ തലമുറ പരിധി കാരണം രക്ഷിതാക്കളുടെ പൗരത്വം കൈമാറാന്‍ കഴിയില്ലായിരുന്നു. അവര്‍ക്ക് നേരിട്ട് പൗരത്വ ഗ്രാന്റിനായി അപേക്ഷിക്കാനും കഴിയില്ല. കാനഡയ്ക്ക് പുറത്ത് നിന്ന് ദത്തെടു,ക്കുന്ന കുട്ടിക്കും ഈ നിയമം ബാധകമായിരുന്നു.
ആദ്യ തലമുറ പരിധി നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചതോടെയാണ് നിര്‍ദിഷ്ട പരിഷ്‌കരണത്തിന് പ്രേരിപ്പിച്ചത്.
ഇന്ത്യന്‍ പൗരത്വമുള്ള വനിത കാനഡയില്‍ കുടിയേറി അവിടുത്തെ പൗരത്വമെടുത്തതിന് ശേഷം ഇന്ത്യയിലേക്ക് പോയ കാലത്ത് കുഞ്ഞിന് ജന്മം നല്‍കുകയാണെങ്കില്‍ കുട്ടിക്ക് കാനഡ പൗരത്വം ലഭിക്കില്ലെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകനായ പവന്‍ ധില്ലന്‍ പറയുന്നു. എന്നാല്‍ പുതിയ നിയമത്തോടെ ഇപ്പോള്‍ വംശാവലി വഴി കാനഡയിലെ പൗരത്വമെടുക്കാനാവുമെന്നും പവന്‍ വ്യക്തമാക്കി.
വിദേശത്ത് ജനിച്ച രക്ഷിതാവിന് അവരുടെ ദത്തെടുത്ത കുട്ടിക്ക് പൗരത്വം നല്‍കുന്നതിന് കുട്ടിയെ ദത്തെടുക്കുന്നതിനോ ജനിക്കുന്നതിനോ മുമ്പായി കുറഞ്ഞത് 1,095 ദിവസമെങ്കിലും മാതാപിതാക്കള്‍ കാനഡയില്‍ താമസിച്ചിരിക്കണം എന്ന് നിയമം പറയുന്നുണ്ട്.
കനേഡിയന്‍ ഇമിഗ്രേഷന്‍ ഏജന്‍സി പറയുന്നതനുസരിച്ച് നിയമം പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ പരിഷ്‌കാരങ്ങള്‍ എത്രയും വേഗം നടപ്പിലാക്കും.