തിരുവനന്തപുരം: കെഎസ്‌യു തെക്കൻ മേഖലാ നേതൃ പരിശീലന ക്യാംപിൽ കൂട്ടത്തല്ല് ഉണ്ടായതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ മാറ്റണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി നേതൃത്വത്തിന് കത്തു നൽകും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷിക്കാണ് കത്തു നൽകുക. സംഭവം പാർട്ടിക്ക് നാണക്കേടായെന്നും മുകൾത്തട്ടിൽനിന്ന് നടപടി വേണമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വാട്സാപ്പ് ഗ്രൂപ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ക്യാംപ് അംഗങ്ങൾ രണ്ടു ചേരികളായി തിരിഞ്ഞ് നടത്തിയ അടിപിടിയിൽ നിയോജക മണ്ഡലം പ്രസിഡന്റുമാരായ 2 പേർക്കു പരുക്കേറ്റിരുന്നു. അഡ്മിനെച്ചൊല്ലി പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കമാണ് സംഘര്‍ഷത്തിനു കാരണമെന്നും, ക്യാംപിൽ ഗുരുതര അച്ചടക്ക ലംഘനം നടന്നെന്നും കെപിസിസി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.