തിരുവല്ല: ക്രൈസ്തവ സഭകളുടെ ഭരണസമിതികളിലും സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും ദളിത് ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കണമെന്നും ഈ വിഭാഗത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ തിരുവല്ല കൊമ്പാടിയില്‍ നടത്തിയ നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. കെസിസി പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിബി പീറ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മോഡറേറ്റര്‍ ആയിരുന്നു. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ജോര്‍ജ് ഈപ്പന്‍, മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ എബി റ്റി. മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദളിത് ക്രിസ്ത്യന്‍സ് ദേശീയ പ്രസിഡന്റ് വി.ജെ. ജോര്‍ജ്, ദളിത് കത്തോലിക്ക മഹാ ജനസഭ സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, ഗവേഷകനും ചരിത്രകാരനുമായ ഡോ. വിനില്‍ പോള്‍, ഡോ. സൈമണ്‍ ജോണ്‍, റിട്ട. അഡീഷണല്‍ നിയമ സെക്രട്ടറി ജേക്കബ് ജോസഫ്, ആക്ടിവിസ്റ്റുകളായ ടി എം സത്യന്‍, ജെസി പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും മതേതര രാഷ്ട്രത്തില്‍ മതത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ക്ലേവ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ഫോട്ടോ: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നടന്ന നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് കെസിസി പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. ഡോ. സൈമണ്‍ ജോണ്‍, ഡോ. പ്രകാശ് പി തോമസ്, റവ എബി റ്റി. മാമ്മന്‍, ഷിബി പീറ്റര്‍, ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, വി.ജെ. ജോര്‍ജ്, പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട് എന്നിവര്‍ സമീപം.