സിയോള്‍: അതൊരു തരംതാഴ്ന്ന പരിപാടിയായിപ്പോയി. ആരും ആരോടും ചെയ്യാന്‍ പാടില്ലാത്ത പരിപാടി. ചവറ്റു കുട്ടയും മലവും നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയിലേക്ക് അയച്ച് മോശവും പ്രകോപനപരവുമായ നിലപാടാണ് ഉത്തര കൊറിയ സ്വീകരിച്ചത്.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രകാരം ചവറ്റുകുട്ട, ടോയ്ലറ്റ് പേപ്പറുകള്‍, മനുഷ്യരുടെയും മൃഗങ്ങളുടെയും മലം എന്നിവ നിറച്ച ബലൂണുകളാണ് ദക്ഷിണ കൊറിയയിലേക്ക് അയച്ചിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശിക്ഷയായി ‘വേസ്റ്റ് പേപ്പറുകളും മാലിന്യങ്ങളും’ കൊണ്ട് ചൊരിയുമെന്ന പ്യോങ്യാങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവാരം കുറഞ്ഞ നടപടിയെന്നാണ് ഇതിനെ ദക്ഷിണ കൊറിയ വിശേഷിപ്പിച്ചത്.
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ വെളുത്ത ബലൂണുകള്‍ കാണാനാവും. വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയുടെ റിപ്പോര്‍ട്ട് പ്രകാരം ചവറ്റുകുട്ടയും വിസര്‍ജ്ജ്യവും പോലെ ഇത് കാണപ്പെടുന്നുണ്ട്.
അതിര്‍ത്തി പ്രദേശത്ത് ‘ഉത്തരകൊറിയന്‍ പ്രചരണ ലഘുലേഖകളെന്ന് കരുതുന്ന തിരിച്ചറിയാത്ത വസ്തുക്കളുടെ’ സാന്നിധ്യം സ്ഥിരീകരിച്ചതായി ദക്ഷിണ കൊറിയയിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഗ്യോങ്ഗി-ഗാങ്വോണ്‍ പറഞ്ഞു. സൈന്യം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായും പ്രസ്താവിച്ചു.
അജ്ഞാത വസ്തുക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും ഏതെങ്കിലും കണ്ടെത്തലുകള്‍ സൈനിക താവളങ്ങളിലോ പൊലീസിലോ അറിയിക്കാനും അവര്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചു.
ഉത്തരകൊറിയന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുമാണെന്ന് അപലപിച്ച ദക്ഷിണ കൊറിയന്‍ സൈന്യം ചില ബലൂണുകളില്‍ സംശയാസ്പദമായ മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു.
മനുഷ്യത്വരഹിതവും താഴ്ന്ന നിലവാരത്തിലുള്ളതുമായ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ കര്‍ശനമായി മുന്നറിയിപ്പ് നല്‍കുന്നുവെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ജിയോങ്ഗി പ്രവിശ്യ താമസക്കാര്‍ക്ക് ചൊവ്വാഴ്ച രാത്രി ലഭിച്ച അധികൃതരുടെ ഒരു ടെക്സ്റ്റ് മെസേജില്‍ ‘ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും (ഉത്തര കൊറിയയില്‍ നിന്നുള്ള വസ്തുക്കള്‍) തിരിച്ചറിയുമ്പോള്‍ സൈനിക താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും’ മുന്നറിയിപ്പ് നല്‍കി.
ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ ഭരണ വിരുദ്ധ പ്രചാരണ ലഘുലേഖകളും പണവും അതിര്‍ത്തി കടന്ന് ഉത്തര കൊറിയയിലേക്ക് ബലൂണുകളിലൂടെ അയക്കുന്ന പതിവിനുള്ള മറുപടിയാണിത്. ഈ നടപടികള്‍ പ്യോങ്യാങ്ങിനെ വളരെക്കാലമായി പ്രകോപിപ്പിക്കുന്നുണ്ട്. പുറത്തുനിന്നുള്ള വിവരങ്ങള്‍ കര്‍ശനമ നിയന്ത്രിത സമൂഹമായി തുടരുന്ന ഉത്തര കൊറിയയെ അസ്ഥിരപ്പെടുത്തുമെന്നും കിം ജോങ് ഉന്‍ ഭരണകൂടത്തെ ഭീഷണിപ്പെടുത്തുമെന്നും അവര്‍ ഭയപ്പെടുന്നു. ഇതിന് പ്രതികാരമായി അടുത്തിടെ ഉത്തരകൊറിയ സമാനമായ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സമീപം ‘ആര്‍ ഒ കെ’ പതിവായി ലഘുലേഖകളും മറ്റ് മാലിന്യങ്ങളും വിതറുന്നതിനെതിരെ ടിറ്റ് ഫോര്‍ ടാറ്റ് നടപടിയെടുക്കുമെന്ന് പ്രതിരോധ ഉപമന്ത്രി കിം കാങ് ഇല്‍ ഞായറാഴ്ച പറഞ്ഞിരുന്നു. ദക്ഷിണ കൊറിയയുടെ ഔദ്യോഗിക നാമമായ റിപ്പബ്ലിക് ഓഫ് കൊറിയയെന്നാണ് ആര്‍ ഒ കെ എന്ന് വിശേഷിപ്പിച്ചതിനര്‍ഥം.
അതിര്‍ത്തി പ്രദേശങ്ങളിലും ആര്‍ ഒ കെയുടെ ഉള്‍ഭാഗത്തും പാഴ്പേപ്പറുകളും മാലിന്യങ്ങളും കുന്നുകൂടി ഉടന്‍ ചിതറിക്കിടക്കുമെന്നും അവ നീക്കം ചെയ്യാന്‍ എത്രമാത്രം പരിശ്രമം ആവശ്യമാണെന്ന് നേരിട്ട് അനുഭവിക്കുമെന്നും ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി നടത്തിയ പ്രസ്താവനയില്‍ കിം ആവര്‍ത്തിച്ചു.
ഉത്തരകൊറിയക്ക് സമാനമായ പ്രചാരണ തന്ത്രങ്ങള്‍ ഉപയോഗിച്ച് തിരിച്ചടിക്കാന്‍ കഴിയുമെന്നും ദക്ഷിണ കൊറിയ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ദക്ഷിണ കൊറിയയ്ക്കുള്ള കര്‍ശനമായ സന്ദേശമാണിതെന്നും സെജോംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചിയോങ് സിയോങ്-ചാങ് എ എഫ് പിയോട് പറഞ്ഞു.