കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലാണ് ദാരുണസംഭവം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. ബോഡല്‍ കച്ചാര്‍ എന്ന ഗ്രാമവാസിയായ 27കാരന്‍ ദിനേശ് ആണ് കുടുംബാഗങ്ങളെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ക്ക് ശേഷം ദിനേശ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നായിരിക്കാം കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ദിനേശ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. കൂടാതെ ദിനേശിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് സാധാരണ ജീവിതത്തിലേക്ക് വന്നിരുന്നെന്നും, എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുടുംബാംഗങ്ങളെ യാതൊരു പ്രകോപനവും കൂടാതെ ദിനേശ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോടാലി ഉപയോഗിച്ചാണ് ഇയാള്‍ കുടുംബാംഗങ്ങളെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മ സിയ ബായി, ഭാര്യ വര്‍ഷ ബായി, സഹോദരി, സഹോദരന്‍ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്റെയും സഹോദരിയുടെയും മൂന്നുമക്കള്‍ എന്നിവരെയാണ് ദിനേശ് കൊല്ലപ്പെടുത്തിയത്. കൊലപാതകശ്രമത്തിനിടയില്‍ കുടുംബത്തിലെ ഒരു കുട്ടി രക്ഷപ്പെട്ട് ഓടിച്ചെന്ന് അടുത്തുളള ബന്ധുക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.