കോഴിക്കോട് : വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ’കാഫിർ’ പ്രയോഗമുളള സ്ക്രീൻ ഷോട്ട് കേസിൽ പി.കെ കാസിം നൽകിയ ഹർജിയിൽ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ കോഴിക്കോട് റൂറൽ എസ്പിക്ക് നിർദ്ദേശം നൽകി. വോട്ടെടുപ്പിന്‍റെ തലേന്നായിരുന്നു വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാർത്ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം.
യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്‍റെ പേരിലായിരുന്നു സന്ദേശം. എന്നാൽ, ഇത് കൃത്രിമമായി നിർമ്മിച്ചതാണെന്നും പോസ്റ്റിൽ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പൊലീസിൽ പരാതി നൽകിയ തന്നെ പ്രതിയാക്കി വടകര പൊലീസ് കേസ് എടുത്തെന്നും കാസിം ഹർജിയിൽ ആരോപിക്കുന്നു. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐ ഡി യിൽ ആണ് ആദ്യമായി ഇത് താൻ കണ്ടതെന്നും കാസിം ഹർജിയിൽ പറയുന്നു.