ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 128 സീറ്റുകൾ വരെ നേടുമെന്ന പ്രതീക്ഷ പങ്ക് വെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കോൺഗ്രസും ഇൻഡ്യ സഖ്യവും പൂർണ്ണ പ്രതീക്ഷയിലാണെന്നും തുടർച്ചയായി മൂന്നാം തവണയും അധികാരം ലക്ഷ്യം വെക്കുന്ന ബിജെപിയെ താഴെയിറക്കാൻ സഖ്യത്തിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഖർഗെ പറഞ്ഞു. ‘ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളിൽ നിന്ന്, ബിജെപിയെ അധികാരത്തിൽ തിരിച്ചെത്തുന്നതിൽ നിന്ന് തടയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കോൺഗ്രസ് ഇതിനകം 100 സീറ്റുകൾ കടന്നെന്നും 128 സീറ്റുകൾ നേടാമെന്നും ഞങ്ങൾ വിശ്വസിക്കുന്നു’ ഖാർഗെ പറഞ്ഞു.
ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയോട് മത്സരിക്കാൻ താൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രിയങ്ക മത്സരിക്കില്ലെന്ന് സ്വയം തീരുമാനമിക്കുകയായിരുന്നുവെന്നും ഖർഗെ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രകൾ കോൺഗ്രസിന് കൂടുതൽ സ്വീകാര്യത നൽകിയെന്നും രാഹുലിനെ സഖ്യ കക്ഷികൾക്കിടയിൽ നിർണ്ണായക നേതാവാക്കി ഉയർത്തിയെന്നും ഖർഗെ കൂട്ടിചേർത്തു. ‘തീർച്ചയായും എന്റെ മുന്നിൽ പ്രധാനമന്ത്രിക്കുള്ള ആദ്യ ചോയ്‌സ് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നു. രാജ്യം നിലവിൽ നേരിടുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാൻ രാഹുലിന്റെ ദീർഘ ദൃഷ്ടിക്ക് കഴിയും’, ഖർഗെ പ്രതികരിച്ചു. എന്നാൽ ഇത് ഒരു ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സഖ്യ കക്ഷികളുടെ സംയുക്ത യോഗത്തിലും തീരുമാനത്തിലുമാവും പ്രധാനമന്ത്രിയെ നിർണ്ണയിക്കുകയെന്നും ഖർഗെ പ്രതികരിച്ചു. ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ താന്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയും തള്ളിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.