ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് ഇൻഡ്യ സഖ്യ നേതാക്കൾ. തപാൽ വോട്ടുകൾ എണ്ണി പ്രഖ്യാപിക്കാത്ത രീതിയെക്കുറിച്ചും നേതാക്കൾ കമീഷനോട് പരാതിപ്പെട്ടു.
നേരത്തെ വോട്ടിങ് യന്ത്രങ്ങൾ എണ്ണിയതിന് ശേഷം തപാൽ വോട്ടുകൾ എണ്ണിയിട്ടുണ്ട്. എന്നാൽ അത്തരം സാഹചര്യം ഇനി ഉണ്ടാകരുതെന്നാണ് കമീഷനോട് ആവശ്യപ്പെട്ടതെന്ന് നേതാക്കൾ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ തങ്ങളെ ക്ഷമയോടെ കേട്ടെന്നും ശക്തമായ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു.
ഡി.രാജ (സി.പി.ഐ), അഭിഷേക് മനു സിങ്വി (കോൺഗ്രസ്), സീതാറാം യെച്ചൂരി (സി.പി.എം) എന്നിവരാണ് കമീഷനെ കണ്ടത്.
കേന്ദ്രമന്ത്രി നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരുൾപ്പെടെയുള്ള ബി.ജെ.പി പ്രതിനിധി സംഘവും തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിയും പാർട്ടിയുടെ ലോക്‌സഭ സ്ഥാനാർഥികളുമായും നിയമസഭ കക്ഷി നേതാക്കളുമായും സംസ്ഥാന യൂണിറ്റ് മേധാവികളുമായും വിഡിയോ കോൺഫറൻസിങ്ങിലൂടെ കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണൽ ദിവസം കൃത്രിമത്വ ശ്രമങ്ങൾ തടയാൻ ജാഗ്രത പാലിക്കാനും നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.