Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedലോക്സഭാ തെരഞ്ഞെടുപ്പ്: 64 കോടി പേര്‍ വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്; ചരിത്രപരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തെരഞ്ഞെടുപ്പ്: 64 കോടി പേര്‍ വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്; ചരിത്രപരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകിയെന്നും മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഉന്നത നേതാക്കൾക്കെതിരെ അടക്കം കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി. യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല. പദവി നോക്കാതെ നടപടിയെടുത്തു.  വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് 2024 എന്ന് അദ്ദേഹം പറഞ്ഞു. ആകെ വോട്ട് ചെയ്ത 64.2 കോടി പേരിൽ 31.2 കോടി സ്ത്രീകളായിരുന്നു. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെ പ്രശംസിച്ച അദ്ദേഹം പോളിംഗ് ചുമതലയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേരുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.

രാജ്യത്തിൻ്റെ മുക്കിലും, മൂലയിലുമെത്തി പോളിംഗ് സാധ്യമാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വിലമതിക്കാനാവാത്ത സേവനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചത്. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ചില ആരോപണങ്ങൾ വളരെയധികം വേദനിപ്പിച്ചു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി. അവിടെ വോട്ട് ചെയ്ത എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. മണിപ്പൂരിൽ സമാധാനപരമായി നടപടികൾ പൂര്‍ത്തിയാക്കി. ജനങ്ങൾ വോട്ട് ചെയ്യാൻ വലിയ ഉത്സാഹം കാഴ്ചവച്ചു. ഇന്നര്‍ മണിപ്പൂരിൽ 71.96 ശതമാനവും ഔട്ടര്‍ മണിപ്പൂരിൽ 51.86 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി പേര്‍ പ്രതിഫലേച്ഛയില്ലാതെ തെരഞ്ഞെടുപ്പിനെ സഹായിച്ചുവെന്ന് സച്ചിൻ ടെണ്ടുൽക്കര്‍ അടക്കമുള്ളവരുടെ പേര് പരാമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 23 രാജ്യങ്ങളിൽ നിന്നുള്ള 75 പ്രതിനിധികൾ ആറ് സംസ്ഥാനങ്ങൾ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ചു നിര്‍ത്തിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്സവ അന്തരീക്ഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി. ഇതൊന്നും നിസാര കാര്യമല്ലെന്നും രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments