ദില്ലി: രാജ്യതലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ദില്ലിയിൽ കെജ്‌രിവാള്‍ പ്രഭാവമുണ്ടായില്ല എന്നാണ് ഉച്ചയ്ക്ക് 12 മണി വരെയുള്ള കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യ കുമാർ പിന്നിലാണ്. ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
ന്യൂഡൽഹി മണ്ഡലത്തിൽ അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്‍റെ മകൾ ബൻസുരി സ്വരാജ് ലീഡ് ചെയ്യുകയാണ്. പശ്ചിമ ഡൽഹിയിൽ ബിജെപിയുടെ കമൽജീത് ഷെരാവത്ത് മുന്നേറുന്നു. എഎപിയുടെ മഹാബൽ മിശ്രയാണ് എതിരാളി. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ബിജെപി സ്ഥാനാർഥി യോഗേന്ദർ ചന്ദോലോയയ്ക്കാണ് ലീഡ്.
കിഴക്കൻ ഡൽഹിയിൽ ഹർഷ് മൽഹോത്ര, സൗത്ത് ഡൽഹിയിൽ രാംവീർ സിങ് ബിധുരി, ചാന്ദിനിചൌക്കിൽ പ്രവീണ്‍ ഖണ്ഡേൽവാള്‍ എന്നീ ബിജെപി സ്ഥാനാർത്ഥികളും ലീഡ് ചെയ്യുന്നു. 2014, 2019 വർഷങ്ങളിൽ ദില്ലിയിൽ ഏഴിൽ ഏഴും നേടിയ എഎപി സഖ്യം ഇത്തവണ ദില്ലിയിൽ കനത്ത തിരിച്ചടി നേരിടുകയാണ്. കെജ്‍രിവാളിന്‍റെ ജയിൽവാസവും ജാമ്യത്തിലിറങ്ങിയുള്ള പ്രചാരണവും ലോക്സഭാ തെരഞ്ഞെടുപ്പ്
ഫലത്തെ സ്വാധീനിച്ചില്ലെന്നാണ് നിലവിൽ വ്യക്തമാകുന്നത്.