ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും സി.പി.എമ്മിന് ദേശീയപാർട്ടി പദവിയും ചിഹ്നവും നഷ്ടമാകില്ല. 2033 വരെ സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് ഭീഷണിയുണ്ടാകില്ല.കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിൽ സി.പി.എമ്മിന് സംസ്ഥാന പാർട്ടി പദവിയുള്ളത് കൊണ്ടാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. ഇതിൽ പശ്ചിമബംഗാളിലെ സംസ്ഥാന പാർട്ടി പദവി 2026ൽ നഷ്ടമാകും. ഇതോടെയാണ് സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് ഭീഷണി ഉയർന്നത്.
എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ സിക്കാറിൽ സീറ്റ് നേടിയതോടെ അവിടെയും സി.പി.എമ്മിന് സംസ്ഥാന പാർട്ടി പദവി ലഭിക്കും. ഇതോടെ ബംഗാളിലെ പദവി നഷ്ടമായാലും കേരളം, തമിഴ്നാട്, ത്രിപുര, തമിഴ്നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയുടെ ബലത്തിൽ 2033 വരെ സി.പി.എമ്മിന് ദേശീയ പാർട്ടിയായി തുടരാം.ദേശീയതലത്തിൽ സി.പി.എമ്മിന് നാല് സീറ്റുകളാണ് ലഭിച്ചത്. രാജസ്ഥാനിലെ സികാറിൽ 72,896 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി.എം ജയിച്ചത്. തമിഴ്നാട്ടിലെ മധുരയിൽ രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്കും ഡിണ്ടിഗലിൽ നാല് ലക്ഷത്തിലേറെ വോട്ടുകൾക്കും പാർട്ടി വിജയിച്ചു. കേരളത്തിലെ ആലത്തൂരാണ് സി.പി.എം വിജയിച്ച മണ്ഡലം.