ന്യൂഡൽഹി: വീണ്ടും പ്രധാനമന്ത്രിയാകാൻ ഒരുങ്ങി നരേന്ദ്രമോദി. എൻഡിഎ യോഗത്തിലാണ് പ്രധാനമന്ത്രിയായി നരേന്ദ്രമോദി തുടരാൻ തീരുമാനമെടുത്തത്. എൻഡിഎ സഭാനേതാവായും മോദിയെ യോഗം തെരഞ്ഞെടുത്തു. മന്ത്രിസഭ രൂപീകരിക്കാൻ വൈകരുതെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് എൻഡിഎ നിർണായക യോഗം ചേർന്നത്. മോദിക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ജെഡിയു നേതാക്കളായ ലല്ലൻ സിങ്, സഞ്ജയ് ഝാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ കാണാനാണ് യോഗത്തിൽ തീരുമാനമായിരിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എൻഡിഎ സഖ്യകക്ഷികൾ ഇന്ന് തന്നെ രാഷ്‌ട്രപതിയെ കാണുമെന്നായിരുന്നു വിവരം. എന്നാൽ, ഏഴാംതീയതി കണ്ടാൽ മതിയെന്നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തുള്ള കത്ത് ഘടകകക്ഷികൾ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.