ജിദ്ദ: സൗദിയിൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പ്രവർത്തനം താൽക്കാലികമായി ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നു.ജൂൺ 23 മുതൽ ജൂലൈ നാലുവരെയാണ് അധ്യയന രീതിയിൽ മാറ്റം വരുത്തിയത്.രാജ്യത്ത് അതിശക്തമായ ചൂടിന് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പിനെ തുടർന്നാണ് സ്‌കൂളിന്റെ പ്രവർത്തന രീതിയിലും സമയത്തിലും മാറ്റം വരുത്തിയത്. ഹജ്ജ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ജൂണ് 23 ഞായറാഴ്ച മുതലാണ് മാറ്റം പ്രാബല്യത്തിൽ വരിക. ജൂലൈ 4 വ്യാഴാഴ്ച വരെയുള്ള 12 ദിവസങ്ങളിലേക്കാണ് ഇപ്പോൾ മാറ്റം പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ കെ.ജി മുതൽ എട്ടാം ക്ലാസുവരെയുള്ള പഠനം പൂർണ്ണമായും ഓൺലൈൻ രീതിയിലായിരിക്കും. എന്നാൽ ഒൻപതു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകളെ സംയോജിപ്പിച്ചുകൊണ്ട് ഹൈബ്രിഡ് മോഡിലയാരിക്കും അധ്യയനം നടത്തുക. ക്ലാസുകളുടെ സമയക്രമം ഉൾപ്പെടെ വിശദീകരിക്കുന്ന ഷെഡ്യൂൾ അതത് ക്ലാസ് ടീച്ചർമാർ വഴി വൈകാതെ അറിയിക്കും. അധ്യാപകരിൽ നിന്നുള്ള നിർദേശങ്ങൾ പാലിച്ചുകൊണ്ട് സഹകരിക്കണമെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്കയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു.