അബുദാബി: നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല. കുവൈത്തിലെ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. മരിച്ചവരിൽ 24 മലയാളികൾ ഉൾപ്പെടെ 46 പേർ ഇന്ത്യക്കാരാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിലും ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലേക്കുള്ള യാത്ര വേണ്ടെന്നുവയ്‌ക്കുന്നതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നോർക്ക മുഖേന നൽകുമെന്ന് കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു.
ലോക് കേരള സഭ നടത്തുന്നത് കൊണ്ട് പ്രവാസികൾക്ക് എന്ത് പ്രയോജനമാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ചോദിച്ചിരുന്നു. ലക്ഷങ്ങൾ ചെലവാക്കി ലോക കേരള സഭ നടത്തുന്നതിന് പകരം ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് തുക കൈമാറാൻ എൽഡിഎഫ് സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
മലയാളികളടക്കം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ലോക കേരള സഭ നടത്തരുതെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നെങ്കിലും ചടങ്ങ് നടത്താനായിരുന്നു പിണറായി സർക്കാരിന്റെ തീരുമാനം. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരള സഭ നിലവിൽ പുരോഗമിക്കുകയാണ്. ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് ലോക കേരള സഭ നടക്കുന്നത്. ഇന്നും നാളെയുമാണ് പരിപാടി.