ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്‍റെ മടങ്ങി വരവ് നീളും. ബഹിരാകാശ നിലയത്തിലേക്ക് സുനിത പോയ പേടകമായ ബോയിങ് സ്റ്റാര്‍ലൈനറിന് സംഭവിച്ച സാങ്കേതിക തകരാര്‍ കാരണമാണ് മടങ്ങി വരവ് നീളുന്നത്. എന്നത്തേക്ക് സുനിതയ്ക്ക് മടങ്ങിവരാനാകുമെന്നത് സംബന്ധിച്ച് നാസ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുനിതയും ബുഷ് വില്‍മോറുാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്റ്റാര്‍ലൈനര്‍ വഴി എത്തിയത്. നിലയത്തില്‍ ഉണ്ടായിരുന്ന ‘ഏഴുപേര്‍ക്കൊപ്പം ചേര്‍ന്ന് തങ്ങള്‍ ഇപ്പോള്‍ ചെറിയൊരു സിറ്റി തന്നെ ബഹിരാകാശത്ത് സൃഷ്ടിച്ചു’വെന്നായിരുന്നു സുനിത നേരത്തെ പ്രതികരിച്ചിരുന്നത്. ജൂണ്‍ അഞ്ചിനാണ് സുനിതയും ബുഷും ബഹിരാകാശ നിലയത്തിലെത്തിയത്.
നാസയുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ജൂണ്‍ 14 ന് സുനിത വില്യംസ് ഭൂമിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെ പേടകം തിരികെ ഭൂമിയിലേക്ക് എത്താന്‍ സഹായിക്കുന്ന റോക്കറ്റുകള്‍ക്ക് തകരാര്‍ സ്ഥിരീകരിച്ചു. ഇതോടെ യാത്ര ജൂണ്‍ 26ലേക്ക് മാറ്റി. ഒന്നിലധികം സ്ഥലങ്ങളില്‍ ഹീലിയം ചോര്‍ച്ച കൂടി കണ്ടെത്തിയതോടെ 26ലെ യാത്രയും നീട്ടി വയ്ക്കുകയായിരുന്നു. 10 ദിവസത്തെ ദൗത്യമാണ് ഇരുവര്‍ക്കും ബഹിരാകാശത്തുണ്ടായിരുന്നത്