ജറുസലം : ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം നടത്തിയ 2 ബോംബാക്രമണങ്ങളിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു. അൽ ഷാതി അഭയാർഥി ക്യാംപിൽ 24 പേരും അൽ തുഫാ മേഖലയിൽ 18 പേരുമാണു കൊല്ലപ്പെട്ടത്. രണ്ടും ഹമാസ് താവളങ്ങളായിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രസ്താവന. ഇതടക്കം കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ 101 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.
സുരക്ഷിതമേഖലയെന്ന് ഇസ്രയേൽ പറഞ്ഞിരുന്ന അൽ മവാസിയിലെ അഭയാർഥി ക്യാംപിൽ വെള്ളിയാഴ്ച നടത്തിയ കനത്ത ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി ഉയർന്നു. ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. അധിനിവേശശക്തിയെന്ന നിലയിൽ പലസ്തീൻ പ്രദേശങ്ങളിൽ ക്രമസമാധാനവും പൊതുസുരക്ഷയും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.
സുരക്ഷ ഉറപ്പുവരുത്താതെ ജീവകാരുണ്യസഹായ വിതരണം സാധ്യമാകില്ലെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസയിൽ ഇപ്പോൾ സമ്പൂർണ നിയമരാഹിത്യമാണ്. പട്ടിണിയുടെ നടുവിലായ അവിടേക്കു പോകുന്ന യുഎൻ ട്രക്കുകളിലേറെയും കൊള്ളയടിക്കപ്പെടുന്നു. സുരക്ഷയ്ക്കായി പലസ്തീൻ പൊലീസിനെ ഉപയോഗിക്കുന്നത് ഇസ്രയേൽ തടഞ്ഞതാണു പ്രശ്നം – ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ഇസ്രയേൽ നിയന്ത്രണത്തിലുള്ള കരെം ശാലോം ഇടനാഴിയിലൂടെ തെക്കൻ ഗാസയിലേക്കു സഹായമെത്തിക്കാനായി പകൽസമയം ഈ മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു