തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റിനെച്ചൊല്ലി പ്രതിഷേധം പുകയവേ, വിദ്യാർഥിപ്രവേശനത്തിൽ പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി. അൺ എയ്ഡഡ് സീറ്റുകൾ ഉൾപ്പെടെ മൊത്തം 21,550 സീറ്റുകൾ മലപ്പുറം ജില്ലയിൽ ഒഴിവുണ്ടെന്നും പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 14,037 മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. അൺ എയ്ഡഡ് ഒഴിവാക്കിയാൽത്തന്നെ 11,083 സീറ്റുകളുടെ ഒഴിവുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ മെറിറ്റ് സീറ്റിൽ 5745, സ്പോർട്‌സ്-365, കമ്യൂണിറ്റി-3759, മാനേജ്‌മെന്റ്-5091, അൺ എയ്ഡഡ്-10,467 എന്നിങ്ങനെ മൊത്തം 21,550 സീറ്റുകളിൽ ഒഴിവുണ്ട്. ജില്ലയിൽ ഇതുവരെ 49,909 പേർ പ്രവേശനം നേടി. അലോട്‌മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്ത 10,897 പേരുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.