അബുദാബി : ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കയറ്റുമതി കേന്ദ്രമായി യുഎഇ. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട വാർഷിക വ്യാപാര കണക്കുകൾ പ്രകാരം യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. ഒൻപതാമത്തെ ഏറ്റവും വലിയ സമുദ്രോൽപന്ന കയറ്റുമതി വിപണിയും യുഎഇ തന്നെ. ഇന്ത്യയുടെ മൊത്തം ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയിൽ 6% വർധനയുണ്ട്.
ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളിലൂടെ കയറ്റുമതി രാജ്യങ്ങളിൽ ചൈനയെ പിന്തള്ളി നെതർലൻഡ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നതാണ് ശ്രദ്ധേയമായ മാറ്റം. കഴിഞ്ഞ വർഷവും ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യകേന്ദ്രങ്ങളിൽ യുഎസും യുഎഇയുമായിരുന്നു മുന്നിൽ. എന്നാൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ചൈനയ്ക്കും റഷ്യയ്ക്കും ശേഷം മൂന്നാം സ്ഥാനത്താണ് യുഎഇ. സൗദികയറ്റുമതിയിൽ എട്ടാം സ്ഥാനത്തും ഇറക്കുമതിയിൽ അഞ്ചാം സ്ഥാനത്തുമുണ്ട്. ജിസിസിയിൽനിന്ന് കയറ്റുമതി, ഇറക്കുമതി പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയത് യുഎഇയും സൗദി അറേബ്യയും മാത്രം.