മുംബൈ: അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുന്നോടിയായി മുകേഷ് അംബാനിയും നിത അംബാനിയും ജൂലൈ 2 ന് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ സമൂഹ വിവാഹം സംഘടിപ്പിക്കും. വൈകുന്നേരം 4:30 ന് പാൽഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക.
അനന്ത് അംബാനിയുടെയും വ്യവസായി വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മർച്ചൻ്റിൻ്റെയും വിവാഹം ജൂലൈ 12 ന് മുംബൈ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും. പരമ്പരാഗത ഹിന്ദു ആചാരങ്ങൾ പ്രകാരം ആയിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക. ജൂലൈ 12 വെള്ളിയാഴ്ച ശുഭകരമായ ശുഭ് വിവാഹ ചടങ്ങുകളോടെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിക്കാൻ അതിഥികളോട് നിർദേശിച്ചിട്ടുണ്ട്. ജൂലൈ 13 ശനിയാഴ്ച ശുഭ് ആശിർവാദോടെ ആഘോഷങ്ങൾ തുടരും, അവസാന പരിപാടിയായ മംഗൾ ഉത്സവ് അല്ലെങ്കിൽ വിവാഹ സൽക്കാരം, ജൂലൈ 14 ഞായറാഴ്ചയാണ്. ഈ അവസരത്തിൽ അതിഥികളോട് ‘ഇന്ത്യൻ ചിക്’ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി, നിത അംബാനി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. കാശി വിശ്വനാഥന് ആദ്യ വിവാഹ ക്ഷണക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു.