ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി കൂടിക്കാഴ്ചനടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി.
ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ജയ്ശങ്കർ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയോടും പ്രധാനമന്ത്രി അൽതാനിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്വേഷണം അറിയിച്ചു. തുടർന്ന് രാഷ്‌ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, സംസ്കാരം, തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും ഉറപ്പുവരുത്തി. പരസ്പര പരിഗണനയുള്ള പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ചനടത്തി. ഗാസയിലെ സാഹചര്യത്തെ വിലയിരുത്തിയുള്ള പ്രധാനമന്ത്രി അൽതാനിയുടെ വാക്കുകളെ ജയശങ്കർ അഭിനന്ദിച്ചു.
ഇന്ത്യ – ഖത്തർ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പരസ്പര താല്പര്യമുള്ള മേഖലകളിൽ ക്രിയാത്മകമായ സംഭാഷണം തുടരുന്നതിനും ജയശങ്കർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.