ദോഹ : ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം കൈവരിച്ചു. 2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ 6.1 ബില്യൻ ഖത്തർ റിയാൽ (1.7 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് ലാഭമാണ് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ഈ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 81 ബില്ല്യൻ ഖത്തർ റിയാലാണ് (22.2 ബില്യൻ യുഎസ് ഡോളർ). കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 4.7 ബില്യൻ റിയാലിന്റെ വർധനവാണുള്ളത്. ആറ് ശതമാനം വർധന.
2023/24 സാമ്പത്തിക വർഷത്തിൽ 40 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്തത്. മുൻ വർഷത്തേക്കാൾ 26 ശതമാനം വർധനവ്.ഇതിന്റെ ഭാഗമായി യാത്രക്കാരുടെ വരുമാനം 19 ശതമാനം വർധിച്ചു. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 170 വിമാനത്താവളങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.