Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമനുഷ്യക്കുരുതിക്ക് ആഹ്വാനം നൽകുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: കെ. സുധാകരൻ

മനുഷ്യക്കുരുതിക്ക് ആഹ്വാനം നൽകുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: കെ. സുധാകരൻ

തിരുവനന്തപുരം: അക്രമത്തിന്റെ സന്തതികളായ എസ്.എഫ്.ഐ ഗുണ്ടകളുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും സ്ഥിരമായി അതിനെ ന്യായീകരിക്കുകയും മനുഷ്യക്കുരുതിക്ക് ആഹ്വാനം നൽകുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത് അടിക്കുകയും, അപായപ്പെടുത്തുമെന്ന് വധഭീക്ഷണി മുഴക്കുകയും കാമ്പസുകളിലെ ഇടിമുറികളില്‍ സഹവിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനയെ ഇത്രകണ്ട് പ്രശംസിക്കാന്‍ ക്രിമിനല്‍ മനോനിലയുള്ള വ്യക്തിക്ക് മാത്രമെ സാധിക്കൂ. അക്രമങ്ങളുടെ ഉപാസകരും രക്തവെറിപൂണ്ട ഒരൂകൂട്ടം സിപിഎം നേതാക്കളും നല്‍കുന്ന ഇത്തരം സംരക്ഷണമാണ് ഇടതുവിദ്യാര്‍ത്ഥി-യുവജന സംഘടനകളെ അക്രമണത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്. അതിന്റെ കണക്ക് മഹത്വമായി പറയുന്ന രാഷ്ട്രീയ സംസ്‌കാരം കേരളത്തിന് ആപത്താണ്. കൊല്ലപ്പെട്ടവരുടെ നിരക്കാണ് മഹത്വത്തിന്റെ അടിസ്ഥാനമെങ്കില്‍ ചാവേറുകളെ സൃഷ്ടിക്കുന്ന ഇന്ത്യയിലെ മറ്റുതീവ്രവാദ പ്രസ്ഥാനങ്ങളെ മുഖ്യമന്ത്രി മഹത് സംഘടനങ്ങളെന്ന് വിശേഷിപ്പിക്കുമോ. മുഖ്യമന്ത്രിയെ കരിങ്കൊടികാട്ടിയവരെ മൃഗീയമായി തല്ലിച്ചതിച്ചിട്ട് അതിനെ രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരിട്ട് വിളിച്ച് ആസ്വദിക്കുന്ന സംസ്‌കാരം കേരളത്തിന് ചേരുന്നതല്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധിയോടെ ജനം മനസിലാക്കി കൊടുത്തിട്ടും അത് തിരിച്ചറിയാനുള്ള വിവേകം മുഖ്യമന്ത്രി ഉണ്ടാകാത്തതാണ് സിപിഎം ഇന്ന് നേരിടുന്ന അപചയം.

മുഖ്യമന്ത്രിയുടെ അഹന്തയും സിപിഎമ്മിന്റെ അധോലോക അഴിഞ്ഞാട്ടവും ചെങ്കൊടിക്ക് വരെ അപമാനമാണെന്ന് എല്‍ഡിഎഫിലെ ഘടകകക്ഷിയായ സിപിഐക്ക് വരെ മനസ്സിലായി. അടിമുടി അഴിമതിയും സ്വജനപക്ഷപാതവും കൊലപാതകത്തിലും കള്ളക്കടത്തിലും അഭിരമിക്കുന്ന സിപിഎമ്മിന്റെ സര്‍വ്വനാശത്തിന്റെ തുടക്കമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പറയുന്ന വാദഗതികള്‍ സിപിഎമ്മിലെ അണികള്‍ക്ക് പോലും ദഹിക്കുന്നില്ലെന്ന് കണ്ണൂരിലെ പരാജയം കൊണ്ടെങ്കിലും തിരിച്ചറിയണം. അക്രമികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ പുറത്താക്കി കൊണ്ട് തിരുത്തല്‍ നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള ആര്‍ജ്ജവമാണ് സിപിഎമ്മിന്റെ കേന്ദ്രഘടകം കാട്ടേണ്ടതെന്നും കെ. സുധാകരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments