കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയിൽ നടക്കും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടി രാവിലെ 11-ന് പുതുപ്പള്ളി സെയ്ൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായവിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. ജൂലായ് 14-ന് പുതുപ്പള്ളിയിലെ ജനങ്ങൾക്കായി ഒരുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം, 15-ന് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ്, 16-ന് കന്യാകുമാരിയിൽ ഒരു കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽദാനം, 17-ന് തിരുവനന്തപുരത്ത് ചിത്രപ്രദർശനം. 18-ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം, ഉന്നതവിജയം നേടിയവർക്കുള്ള എക്സലൻസ് അവാർഡ് വിതരണം, 20-ന് തിരുവനന്തപുരത്ത് മെഡിക്കൽ ക്യാമ്പ്, 21-ന് ബാഡ്മിന്റൺ-ക്രിക്കറ്റ് ടൂർണമെൻറുകൾ തുടങ്ങിയവയുണ്ടാകും.
സംഘാടകസമിതി ചെയർമാനായി തമ്പാനൂർ രവി, ശിവദാസൻ നായർ, ജോഷി ഫിലിപ്പ്, ജോസഫ് എം.പുതുശ്ശേരി, രാധാ വി.നായർ എന്നിവരെയും പ്രഥമ ഉമ്മൻചാണ്ടി അവാർഡ് ജൂറി പാനൽ ചെയർമാനായി ഡോ. ശശി തരൂർ എം.പി.യെയും തിരഞ്ഞെടുത്തു.