ന്യൂഡല്‍ഹി: കാനഡയില്‍ സന്ദര്‍ശക വിസയിലെത്തുന്ന ഇന്ത്യക്കാരെ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കുന്നുവെന്ന് ആരോപണം. ഇന്ത്യക്കാര്‍ക്ക് പുറമേ നൈജീരിയന്‍ പൗരന്മാരെയും ഇത്തരത്തില്‍ തിരിച്ചയക്കുന്നുണ്ട്. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിയാണ് യാത്രക്കാരെ തിരിച്ചയക്കുന്നത്. അതിര്‍ത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്നാണ് കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിയുടെ വിശദീകരണം.
അംഗീകൃത സന്ദര്‍ശക വിസയുള്ള കുടുംബാംഗങ്ങള്‍ക്ക് പോലും പ്രവേശനം നിഷേധിക്കുന്നത് തുടര്‍ക്കഥയാകുന്നുവെന്നാണ് റിപ്പോട്ടുകള്‍. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ടൊറന്റോ, മോണ്‍ട്രിയല്‍ വിമാനത്താവളങ്ങളില്‍ ഇത്തരത്തിലുള്ള ഒന്നിലധികം കേസുകള്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്. മടങ്ങിപ്പോകാന്‍ വിസമ്മതിക്കുന്നവരോട് അഭയാര്‍ത്ഥികള്‍ക്കായുള്ള അപേക്ഷ നല്‍കാനാണ് കാനഡ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിദേശ പൗരന്മാര്‍ക്ക് കാനഡയില്‍ പ്രവേശനം നിഷേധിക്കാന്‍ സിബിഎസ്എ ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരമുപയോഗിച്ചാണ് ഇന്ത്യക്കാരെ തടയുന്നതെന്നാണ് ആക്ഷേപം. അഭയാര്‍ത്ഥി അപേക്ഷ നല്‍കാനാവശ്യപ്പെടുന്നതും ആശങ്കയുണ്ടാക്കുന്നുവെന്നാണ് കാനഡയിലെ ഇന്ത്യക്കാര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയില്‍ ഇതുവരെ കനേഡിയന്‍ സര്‍ക്കാരോ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.