പെൻസിൽവാനിയ : അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു.
ട്രംപിനു നേരെ വെടിയുതിർത്തതെന്നു സംശയിക്കുന്ന ആളും റാലിയിൽ പങ്കെടുത്ത ഒരാളും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. റാലിയിൽ പങ്കെടുത്ത മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.