മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വെടിയുതിര്‍ക്കാന്‍ അക്രമി ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ എന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). 20കാരനായ തോമസ് മാത്യു ക്രൂക്സാണ് അക്രമിയെന്നും അധികൃതര്‍ അറിയിച്ചു. പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ് മാത്യു ക്രൂക്സ്. ഇയാളെ സംഭവസ്ഥലത്ത് വച്ചുതന്നെ സീക്രട്ട് സർവീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അക്രമിയെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്.
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. 140 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ മുകൾത്തട്ടിൽ നിന്നാണ് അക്രമി ട്രംപിന് നേരെ ഉന്നം പിടിച്ചത്. നിരവധി തവണ അക്രമി വെടിയുതിര്‍ത്തെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ട്രംപിന്റെ ശരീരത്തില്‍ കൊണ്ടത്. എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിളാണ് ആക്രമണത്തിനായി മാത്യു ക്രൂക്സ് തിരഞ്ഞെടുത്തത്. സൈന്യം ഉപയോഗിക്കുന്ന M16 തോക്കിന് സമാനമായ പൗരന്മാര്‍ക്ക് ഉപയോഗിക്കാവുന്ന തോക്കാണ് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍. മോഡേണ്‍ സ്പോര്‍ട്ടിങ് റൈഫിള്‍ വിഭാഗത്തില്‍ വരുന്ന എ.ആര്‍-15 പ്രധാനമായും മല്‍സരങ്ങള്‍ക്കും വേട്ടയ്ക്കുമാണ് ഉപയോഗിക്കാറ്.