അബൂദബി: മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് യു.എ.ഇ. അക്രമ പ്രവണത ഒരു നിലക്കും പൊറുപ്പിക്കാനാവില്ലെന്ന് യു.എ.ഇ നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി. ട്രംപിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ.
ഡോണാൾഡ് ട്രംപിന് ഐക്യദാർഡ്യം അറിയിക്കുന്നതായും എല്ലാ രീതിയിലുമുള്ള അക്രമത്തെയും തീവ്രവാദത്തെയും യു.എ.ഇ അപലപിക്കുന്നതായും അദ്ദേഹം സാമൂഹിക മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. യു.എ.ഇ വിദേശകാര്യ മന്ത്രാലയവും ദാരുണമായ സംഭവത്തെ അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ചു.
പ്രസിഡൻറ് സ്ഥാനാർത്ഥി ട്രംപിനോടും അദ്ദേഹത്തിൻറെ കുടുംബത്തോടും, യു.എസിലെ സർക്കാരിനോടും ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും പൂർണവും വേഗത്തിലുള്ളതുമായ തിരിച്ചുവരവിന് ഭാവുകങ്ങൾ നേരുന്നതായും പ്രസ്താവനയിൽ പറഞ്ഞു. ക്രിമിനൽ, തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായും എല്ലാതരം അക്രമങ്ങളെയും യു.എ.ഇ തള്ളിക്കളയുന്നതായും മന്ത്രാലയം വ്യക്തമാക്കി.