Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ ന്യായീകരണവുമായി റെയിൽവേ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ ന്യായീകരണവുമായി റെയിൽവേ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ ന്യായീകരണവുമായി റെയിൽവേ. മാലിന്യം വരുന്നത് നഗരസഭയുടെ അധീനതയിലുള്ള പ്രദേശത്തു നിന്നാണെന്നാണ് വിശദീകരണം. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് മാലിന്യം കുന്നുകൂടാതിരിക്കാൻ നടപടികളെടുത്തിരുന്നുവെന്നും മാലിന്യനിർമാർജനത്തിന് കൃത്യമായ സംവിധാനം ഉണ്ടെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

“തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൂടി ആമയിഴഞ്ചാൻ തോടിന്റെ 117 മീറ്റർ ഭാഗമാണ് കടന്നുപോകുന്നത്. ജലസേചന വകുപ്പിന് കീഴിലാണെങ്കിലും സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗത്തെ മാലിന്യം വൃത്തിയാക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ജൂലൈ 13ന് 11 മണിയോടെയാണ് ജോയിയെ തോട്ടിൽ കാണാതാകുന്നത്.

ജോയി വൃത്തിയാക്കാനിറങ്ങുന്ന സമയം നാലടിയോളം വെള്ളം തോട്ടിലുണ്ടായിരുന്നു. തോട് വൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് അതിശക്തമായ ഒഴുക്കുണ്ടായാണ് ജോയിയെ കാണാതാകുന്നത്. പിന്നീട് മൃതദേഹം കണ്ടെത്തുന്നത് ഏകദേശം 750 മീറ്റർ അകലെ തകരപ്പറമ്പിലും. റെയിൽവേയുടെ ഭാഗത്ത് തോടിന് ഒഴുക്കുണ്ടായിരുന്നത് കൊണ്ടാണ് മൃതദേഹം ഒഴുകി തകരപ്പറമ്പിലെത്തിയത്. ഇത് വ്യക്തമാക്കുന്നത്, ഇവിടെ മാലിന്യം കുറവായിരുന്നു എന്നാണ്.

മാലിന്യം അടിഞ്ഞുകൂടാതിരിക്കാൻ റെയിൽവേയുടെ ഭാഗത്തുള്ള തോടിന്റെ തുടക്കത്തിൽ ഇരുമ്പുവല സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അതിശക്തമായ മഴ വന്നാൽ ഇവിടെ മാലിന്യം അടിഞ്ഞേക്കാം. ഇത് തടയാൻ ശ്രമങ്ങളുണ്ടാകണം. റെയിൽവേയുടെ പരിസരത്ത് നിന്ന് മാലിന്യം തോട്ടിൽ തള്ളുന്നത് പതിവില്ല. റെയിൽവേയ്ക്ക് കൃത്യമായ മാലിന്യനിർമാർജനമുണ്ട്. യാത്രക്കാരിൽ നിന്നുള്ള മാലിന്യങ്ങളും കൃത്യമായി തന്നെ നിർമാർജനം ചെയ്യുന്നു. തന്നെയുമല്ല, ട്രെയിനുകൾക്കുള്ളിലെ എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലെറ്റുകളുണ്ട്. ഇത് മാലിന്യം പൊതുവിടത്തിൽ നിക്ഷേപിക്കപ്പെടുന്നത് തടയുന്നു.”

തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ആമയിഴഞ്ചാൻ തോട്ടിൽ വിവിധ ഘട്ടങ്ങളിൽ നടത്തിയ ശുചീകരണപ്രവർത്തനങ്ങളുടെ ചിത്രങ്ങളും റെയിൽവേ വാർത്താക്കുറിപ്പിൽ പങ്കു വച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments